
മുംബൈ: കരിയറിന്റെ തുടക്കത്തിൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം യുവ അഭിഭാഷകർ പ്രൊഫഷൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകരുതെന്ന് ബോംബെ ഹൈക്കോടതി. തുടക്കക്കാരായ അഭിഭാഷകർക്ക് സാമ്പത്തിക സഹായമോ സ്റ്റൈപ്പന്റോ നൽകുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ മഹാരാഷ്ട്ര സർക്കാരിനോടും ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര ആൻഡ് ഗോവയോടും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്വക്കീൽ പ്രാക്ടീസിന്റെ ആദ്യ വർഷങ്ങളിൽ നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിവുള്ള നിരവധി യുവ അഭിഭാഷകർ ഈ രംഗം ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാകുന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
യുവ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ളതും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനാണ് സർക്കാരിനോടും ബാർ കൗൺസിലിനോടും കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. പ്രൊഫഷനിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് നിയമരംഗത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.










